Thursday, January 31, 2008

........!!!!!!!

നിന്‍റെ മൊഴിമുത്തുകള്‍ക്കു മുന്പില്‍
എന്‍റെ സ്വപ്നങ്ങളലിഞ്ഞില്ലാതാകുന്നതും,
നിന്‍റെ മിഴിനീര്‍കണങ്ങള്‍ എന്‍റെയുള്ളിലൊരു
കടലായ് മാറുന്നതും ഞാനറിയുന്നു...
നീ വരുന്നതും കാത്താണ്‌ ഞാനിരിക്കുന്നത്‌ ...
എന്‍റെ ദിനരാത്രങ്ങള്‍ ഞാനിപ്പോള്‍ എണ്ണാറില്ല..
അക്ഷരങ്ങളുടെ ലോകത്തിലേക്കുള്ള യാത്രയില്‍
അക്കങ്ങളെ ഞാന്‍ മറന്നിരിക്കുന്നു....

സമയസൂചികള്‍ നിലയ്ക്കുന്ന നേരം
ഞാന്‍ നിന്നിലുണ്ടാകും...
നീ എന്നിലുള്ളതുപോലെ...
എന്‍റെ കണ്ണീര്‍ക്കണങ്ങളില്‍ പോലും
കുടിയിരിക്കുന്ന നിന്‍റെ ഓര്‍മ്മകളും,
നിറചിരിയും മായാതിരിക്കാന്‍
ഞാനിപ്പോള്‍ കരച്ചില്‍ മറന്നിരിക്കുന്നു...!
നീ തിരികെയെത്തുന്നതും കാത്തിരിക്കുന്ന
ഹൃദയസ്പന്ദനങ്ങള്‍ മാത്രമാണെന്റെയുള്ളില്‍..
കരച്ചിലിന്റെ രസതന്ത്രം മറന്നുപോയ
കണ്ണീര്‍തുള്ളിതന്‍ പരിഭവം
എന്‍ കണ്‍കളില്‍ നീ കാണുന്നില്ലെ.....?

വസന്തകാലം വരാറായോ..?
ഞാന്‍ കാത്തിരിക്കുകയാണ്‌..
പ്രണയത്തിന്റെ ഗുല്‍മോഹറുകള്‍
പൂക്കുന്നതും കാത്ത്‌..........

പ്രണയത്തിന്റെ ചൂടുള്ള ഡിസംബര്‍...

ഡിസംബര്‍.....മനസ്സിലും പുറ്ത്തും കുളിരണിയിക്കുന്ന ഓര്‍മ്മകളുമായിട്ടാണ്' ഓരോ ഡിസംബറും എന്നില്‍ നിന്ന് പടിയിറ്ങ്ങുന്നത്...പ്രണയത്തിന്റെ , വിരഹത്തിന്റെ ,ഏകാന്തതയുടെ ഗന്ധമുള്ള ഡിസംബര്‍... കടന്നുപോയ ഡിസംബറിലെ ഓരോ മഞ്ഞുതുള്ളിയും പ്രണയിനിയുടെ വിരല്‍സ്പര്‍ശംപോലെ സുഖകരമായൊരോര്‍മ്മയാണ്' ... പ്രകൃതിയിലലിഞ്ഞുപോയ എന്റെ പ്രണയം ഞാന്‍ തിരിച്ചറിയുന്നത് ആ മഞ്ഞുതുള്ളികളിലാണ്` ...
ബാല്യത്തില്‍ ആ മഞ്ഞ് എനിക്ക് വില്ലനായിരുന്നു...എല്ലാ ഡിസംബറിലും എന്റെ ഉമ്മ തണുത്തുവിറക്കുന്ന എന്റെ കൈകളും പിടിച്ച്` ഞങ്ങളുടെ വീടിനടുത്തുള്ള ഡോക്‌ടറുടെ മേശക്കുമുന്നിലുന്ടായിട്ടുന്ട്‌...ഇപ്പോ അതെല്ലാം പാടെ മറന്നിരിക്കുന്നു എന്റെ ശരീരം..അതിപ്പോ ഈ മഞ്ഞുതുള്ളികളെ പ്രണയിച്ചു തുടങ്ങിയിരിക്കിന്നു...
ഇന്നലെകളിലെ ഡിസംബറിനേക്കാള്‍ എനിക്കിഷ്ടം ഇന്നിന്റെ ഡിസംബറാണ്‌.നേര്‍ത്ത കരസ്പര്‍ശം കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നവള്‍,...എല്ലാവരും ഈ തണുപ്പത്ത് കൂനിക്കൂടിയിരിക്കാനിഷ്ടപ്പെടുംബൊള്‍ രാത്രിയുടെ ഏകാന്തതകളില്‍ മഞ്ഞുപെയ്യുന്ന ഡിസംബറിനെയും പുതച്ച് വിജനമായ വീഥികളിലൂടെ നടന്നില്ലാതാകുന്നതാണെനിക്കിഷ്ടം..അങ്ങനെ നടന്ന്‌ നടന്ന്‌ ആ മഞ്ഞിലലിഞ്ഞില്ലാതാകുന്നതും സ്വപ്നം കണ്ടുറങ്ങുന്ന രാത്രികള്‍ ...
ജനുവരികളിലായിരുന്നു ആദ്യമൊക്കെ ഞാന്‍ ഡിസംബറിനെ തിരിച്ചറിഞ്ഞിരുന്നത്,നഷ്ടപ്പെട്ടുപോയ ഡിസംബറിനെ...ഇന്ന് ഞാനാ ഡിസംബറിന്റെ വരവും കാത്തിരിക്കുന്നു...മനസ്സിനെ കുളിര്‍കോരിയണിയിക്കുന്ന ആ തണുത്ത വിരല്‍സ്പര്‍ശത്തിനായി,പ്രണയത്തിന്റെ ചൂടുള്ള ആ മഞ്ഞുതുള്ളികള്‍ക്കായി...