Thursday, February 7, 2008

കുഴിയാന.....

കുഴിയാന.....
ആദ്യം കേട്ടപ്പോള്‍ ചിരിച്ചിരുന്നു,
ഇതെന്താ കുഴിയിലെ ആനയോ..?
പിന്നെ തോന്നിയത് കൌതുകം.
മണ്ണിനടിയില്‍ വിചിത്രമായ
കെണിനെയ്ത്‌ തന്‍റെ ഇരയെ
കാത്തിരുന്ന്‌ ..,ക്ഷമയോടെ...
ഹോ.! ഞാനന്തംവിട്ടുപോയി,
അതിന്‍റെ ഇരപിടിത്തംകണ്ട്.
അത്രയ്ക്ക് ഭംഗിയായിരുന്നു അത്‌.

അതിന്‍റെ വീടുതന്നെ അത്രയും സുന്ദരമാണ്‌.
വെള്ള മണല്‍ വിരിച്ച നടുമുറ്റം
ആ മണല്‍ത്തിട്ട് പിന്നെയും
ഭംഗിയായി ഉയര്‍ത്തിക്കെട്ടിവച്ച്...
ശരിക്കും ഒരു മണല്‍ക്കിണര്‍.
ഒരു മരണക്കിണര്‍..!
പക്ഷെ.,ആദ്യം കാണുമ്പൊഴോ.?
പാരീസിലെ ഐഫല്‍ ഗോപുരം
തലതിരിച്ചിട്ട ഭംഗി..

ആ മണല്‍വീട്ടിലിറങ്ങിയ
അതിഥികളെല്ലാം ഇരകളായിരുന്നു.
ഇറങ്ങിയവരാരും പിന്നെ ,
തിരിച്ചെത്തിയിട്ടില്ല..!
തിരിച്ച് മുകളിലേക്ക് കയറുന്തോറും
ആ മണല്‍ത്തരികള്‍
കാല്‍ച്ചുവട്ടിലില്ലാതാകുന്നു..
തിരിച്ച് കയറാനുള്ള ഓരോചുവടും
ചുവടുകള്‍ പിന്നിലേക്ക് വന്ന്‌
നിസ്സഹായനെപ്പോലെ നോക്കുമ്പോള്‍
ഇരയുടെ അനക്കംകണ്ട കുഴിയാന
തന്‍റെ മണല്‍വീട്ടില്‍നിന്ന് പുറത്തേക്ക്‌...
മരണം മുന്നില്‍ക്കണ്ട ഇര പിന്നെയും
ചുവടുവയ്ക്കുന്നത്‌ മുന്നിലേക്ക്‌,മുകളിലേക്ക്.
പക്ഷെ ,ചെന്നെത്തുന്നത്‌
അനിവാര്യമായ മരണത്തിലേക്ക്..
കുഴിയാനയുടെ ചെറുതും വലുതുമായ
കരങ്ങളിലേക്കും, അഗാധമായ
മണല്‍ഗര്‍ത്തത്തിലേക്കും...

അവസാനം ആ മണല്‍ത്തരികളില്‍ ലയിച്ച്‌
കുഴിയാനയുടെ ഇരയായി മാറുംമുമ്പ്
പണ്ടെങ്ങോ എന്നെ പരിചയമുള്ള
ഒരുറുമ്പ് ഇങ്ങനെ ഓര്‍ത്തിരുന്നു..
''എന്നെ വീഴ്ത്തിയത്‌ ഈയൊരു കുഴിയാന മാത്രം
അവനെ എത്ര കുഴിയാനകള്‍ വീഴ്ത്തിയിരിക്കുന്നു,
ഇനിയെത്ര വീഴ്ത്താനിരിക്കുന്നു..''
''ഞാനെത്ര ഭാഗ്യവാന്‍....
എനിക്ക്‌ ദുഃഖമില്ല
ഞാനൊരു പ്രാവശ്യമേ തോറ്റിട്ടുള്ളു
പാവം അവനോ...?''
.......................!!! ...........................???

1 comment: