Saturday, February 2, 2008

സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍......

സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍......
അതായിരുന്നു ഞാന്‍.
അല്ല,,അത്‌തന്നെയാണു ഞാന്‍.
എനിക്കുതന്നെ ഒരു കുന്നോളം സ്വപ്നങ്ങള്‍.,
പിന്നെയെന്‍റെ ആത്മാവിന്റെ ആത്മാക്കളുടെ
നിറമുള്ള സ്വപ്നങ്ങള്‍...
എല്ലാം ഒന്നിനൊന്ന് മെച്ചമായവ...

കാലമേറെയായി ഞാനീ കാവല്‍ തുടങ്ങിയിട്ട്
ഇത് വരെ ഒരു സ്വപ്നം പോലും
എന്‍റെ കണ്ണുതെറ്റി പുറത്തിറങ്ങിയിട്ടില്ല..!!
ഉറങ്ങാത്ത മനസ്സിനെയും
അടയാത്ത കണ്‍പീലികളെയും
ഭയന്നിട്ടായിരിക്കാം അത്‌ ...!
പക്ഷെ, ഒന്നുണ്ട്.....
ഇതുവരെ ഒരു സ്വപ്നം പോലും
സ്വന്തമായൊരു മുറി സമ്പാദിച്ചിട്ടില്ല..!
എന്‍റെ മനസ്സിന്റെ ഉള്ളറകളില്‍
ആശ്രയമില്ലാത്ത സ്വപ്നങ്ങളെല്ലാം
കൂട്ടിലടയ്ക്ക്പ്പെട്ട വന്യമൃഗങ്ങളെപ്പോലെ
അലഞ്ഞുതിരിഞ്ഞ് നടക്കുന്നു...
ചിലതിന്‌ ആരും കാണാത്ത കോണുകളില്‍
തലചായ്ക്കാന്‍ ചെറിയൊരിടം കിട്ടിയിട്ടുണ്ട്‌..
അതെങ്കിലുമായല്ലോ എന്ന്‌ സമാധാനം...!

സ്വപ്നങ്ങളില്‍ പലര്‍ക്കും
ഈ ജീവിതം മടുത്തിരിക്കുന്നു...
കുറ്റവാളികളെപ്പോലെ എത്രകാലം
അവരിങ്ങനെ കഴിയും...?
അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.
അതുകൊണ്ടുതന്നെ മനംമടുത്ത്‌
ആത്മഹത്യചെയ്ത സ്വപ്നങ്ങളുടെ
ശവക്കുഴിതോണ്ടി പോസ്റ്റുമോര്‍ട്ടം
നടത്താന്‍ ഞാനില്ല...
എനിക്കറിയാം എന്തിനായിരുന്നു
ആ ആത്മഹത്യകളെന്ന്‌...!
എത്രകാലം ഇങ്ങനെ നരകിച്ച്‌
ഇരുട്ടും വെളിച്ചവും മാറിമാറിവരുന്ന
എന്‍റെ മനസ്സിനുള്ളില്‍ കഴിയും
പലര്‍ക്കുമറിയാം ഒരുനാള്‍
തങ്ങളും തൂക്കിലേറേണ്ടിവരുമെന്ന്‌..,
ഇല്ലെങ്കില്‍ ഞാന്‍തന്നെ തൂക്കിലേറ്റുമെന്ന്‌..!
ഈ കാവല്‍, ഈ ഇരിപ്പ്‌..
അതെനിക്ക്‌തന്നെ മടുത്തിരിക്കുന്നു....!

ഞാനെന്നും ഒറ്റയാണ്‌..
ഇരട്ടയാകുന്നതിനുള്ള സാധ്യതകള്‍പോലും
ഇല്ലാതാക്കിക്കൊണ്ടാണ്‌ പലസ്വപ്നങ്ങളും
എന്നില്‍നിന്നകന്നുപോകുന്നത്..
എന്നിട്ടും ഞാനീ കാവല്‍ തുടരുന്നു..
കാരണം, ഇതെന്‍റെ കടമയാണ്‌..
മരണാനന്തരം,ജീവിതത്തിന്‍റെ
കണക്കുപുസ്തകം നിരത്തി
ദൈവം എന്നോട്‌ ചോദിക്കും..
നീയാരായിരുന്നു...? എന്തായിരുന്നു..? എന്ന്‌

അന്നും ഞാന്‍ പറയും
ഞാന്‍ കാവല്‍ക്കാരനായിരുന്നു...
മനസ്സുതുറന്ന്‌ ചിരിക്കാനാകാതെപോയ,
മനംനൊന്ത് കരയാനാകാതെപോയ
ഒരുപിടി നല്ല സ്വപ്നങ്ങളുടെ
നിസ്വാര്‍ഥനായ കാവല്‍ക്കാരന്‍.....

No comments: